ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവന കൊള്ളയടിച്ചുവെന്ന ആരോപണം ഹൈന്ദവസമൂഹത്തിന്റെ വിശ്വാസത്തിലും വികാരത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രെയ ഹൊസബാളെ. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കു കർശനമായ ശിക്ഷ ഉറപ്പാക്കണം.
സംഭവം മുതലെടുത്ത് ഹിന്ദു ധര്‍മത്തെയും സമൂഹത്തെയും അവഹേളിക്കാനുള്ള ഹിന്ദുവിരുദ്ധരുടെയും രാജ്യവിരുദ്ധ ശക്തികളുടെയും ഗൂഢാലോചനയില്‍ വീണുപോകാതെ ഹിന്ദുക്കള്‍ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അയോധ്യയിലെ കൊള്ള പുറംലോകം അറിഞ്ഞശേഷം ആദ്യമായാണ് ആർഎസ്എസ് ഉന്നത നേതൃത്വം അഭിപ്രായപ്രകടനം നടത്തുന്നത്.
ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥനപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഹൊസബാളെ പറഞ്ഞു. കൂടാതെ ആർഎസ്എസ് നിർദേശിച്ചപ്രകാരം നിയമനടപടികളും തുടങ്ങിയിട്ടുണ്ട്.
തട്ടിപ്പില്‍ കുറ്റക്കാര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ഏറ്റവും കടുത്ത ശിക്ഷ നല്‍കുമെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഹൈന്ദവസമൂഹത്തിന്റെ നിലപാടാണ് ആർഎസ്എസിനുള്ളത്.
അപലപനീയമായ ഈ സംഭവത്തെ പ്രത്യേക വിഷയമായി കണ്ട് നടപടികള്‍ സ്വീകരിക്കാനും ക്ഷേത്ര ഭരണത്തിലെയും നടത്തിപ്പിലെയും വീഴ്ചകള്‍ പരിഹരിക്കാനും ശ്രീരാമ ജന്മഭൂമി ട്രസ്റ്റിനു ബാധ്യതയുണ്ട്. ക്ഷേത്രത്തോടുള്ള രാമഭക്തരുടെ വിശ്വാസം മാറ്റമില്ലാതെ തുടരാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നു പറഞ്ഞ അദ്ദേഹം നിലവിലുള്ള ആശങ്കകളും അനിശ്ചിതത്വങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.